ഷൈൻ ടോം ചാക്കോക്കും കുടുംബത്തിനും ആശ്വാസവചനങ്ങളുമായ് സിനിമ താരങ്ങൾ. ഇന്നലെ ഷൈനിനും കുടുംബത്തിനും സംഭവിച്ച അപകടത്തിൽ തന്റെ പിതാവിനെ താരത്തിനു നഷ്ടമായി. സുരേഷ് ഗോപി, മീര ജാസ്മിൻ, ആഹാന, ആസിഫ് അലി സ്നേഹ ശ്രീകുമാർ എന്നിവർ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി എത്തി. സുരേഷ് ഗോപി ആശുപത്രിയിൽ എത്തി താരത്തെ സന്ദർശിച്ചു. സുരേഷ് ഗോപിയുടെ വാക്കുകൾ: “പിതാവ് മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല. ചെറിയ പരുക്കുകളേ ഉള്ളൂ. ഡോക്ടർമാരുമായി സംസാരിച്ചു. ചടങ്ങുകൾക്കു ശേഷമായിരിക്കും ഷൈനിന്റെ സർജറി.”

മീര ജാസ്മിന്റെ വാക്കുകൾ: “ഷൈൻ ടോം ചാക്കോയുടെ ദുഃഖിതരായ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. ഇത്തരം സന്ദർഭങ്ങൾ ദയയുടെ പ്രാധാന്യം എത്ര വലുതാണെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു. ദുഃഖം എന്നത് വളരെ യാഥാർത്ഥ്യമായ ഒന്നാണ്. നമുക്ക് ദയയുള്ളവരായിരിക്കാം.”

“എനിക്ക് വാക്കുകൾ നഷ്ടമാകുന്നു. അത്യന്തം ഹൃദയഭേദകമാണിത്. ജീവിതം ചിലപ്പോഴൊക്കെ തികച്ചും അന്യായമായി പ്രവർത്തിക്കും. ഒരു നിമിഷം മതി കാര്യങ്ങൾ മാറിമാറിയാൻ. ഷൈൻ, നിങ്ങളുടെയും കുടുംബത്തിന്റെയും ഈ നികത്താനാകാത്ത നഷ്ടം സഹിക്കാൻ ദൈവം നിങ്ങൾക്കു ശക്തി നൽകട്ടെ. നിങ്ങളുടെ പിതാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.” അഹാന കുറിച്ചു.
ആസിഫ് അലിയുടെ വാക്കുകൾ: “ഷൈനിന്റെ എല്ലാ കുസൃതിക്കും നമ്മൾ ചിരിച്ചിട്ടുണ്ട്, ദേഷ്യം പിടിച്ചിട്ടുണ്ട്, ഉപദേശിക്കാൻ ശ്രമിച്ചിട്ടുണ്ട്, കുറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇനിയങ്ങോട്ട് ഷൈനിന് നമ്മുടെയെല്ലാം പിന്തുണ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമാണ്. അറിയാമല്ലോ, സോഷ്യൽ മീഡിയയുടെ സ്വഭാവവും ട്രെൻഡും സംഭവിക്കുന്ന കാര്യങ്ങളും എല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. നിങ്ങളുടെ എല്ലാം പിന്തുണ വളരെ ശക്തമായി ആ കുടുംബത്തിന് മുന്നോട്ട് പോകാൻ ആവശ്യമുണ്ട്.”