സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി എന്ന പുതിയ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമാതാക്കൾ ഹൈകോടതിയിലേക്ക്. ഇതിനെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചതായിട്ടാണ് പുറത്തു വരുന്ന റിപ്പോർട്ട്. സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് കോസ്മോ എന്റർടൈൻമെന്റ് നൽകിയ പരാതി കോടതി ഇന്ന് പരിഗണിക്കും.

ജൂൺ 12ന് സെൻസർ സർട്ടിഫിക്കറ്റ് കിട്ടാൻ അപേക്ഷിച്ചുവെങ്കിലും ഇതുവരെ കിട്ടിയില്ലെന്നും എന്തുകൊണ്ട് വൈകുന്നു എന്നതിന്റെ കാരണം ഇതുവരെ അറിയിച്ചില്ലെന്നുമാണ് ആക്ഷേപം. സിനിമയുടെ പേരും കഥപാത്രത്തിന്റെ പേരും ജാനകി എന്ന് വന്നതാണ് പ്രശ്നമെന്നും ഈ പേര് മാറ്റണമെന്നും വാക്കാൽ ആവശ്യപ്പെട്ട സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അധികാരികൾ ഇതുവരെ കാരണം വ്യക്തമാക്കുകയോ നോട്ടീസ് അയക്കുകയോ ചെയ്തിട്ടില്ല.